ഏതാണ് മികച്ച ഡയറ്റ് ?
നമ്മളിപ്പോഴും പല തരം ഡയറ്റുകളുടെ പിന്നാലെയാണ്. എന്തുകൊണ്ട് നമ്മുടെ സ്വന്തം കേരളത്തിന്റെ ഭക്ഷണരീതി മാറ്റിവയ്ക്കപ്പെടുന്നു. അമിതവണ്ണം വന്നാൽ ഇപ്പോഴും ആദ്യത്തെ ഉപദേശം ചോറ് മാറ്റുക എന്നതാണ്. എന്തിനാണത്? ചോറുണ്ടിട്ടാണോ വണ്ണം വയ്ക്കുന്നത്? അതോ ചോറ് സമയത്തിന് കഴിക്കാഞ്ഞിട്ടോ? സമയത്തിന് ഭക്ഷണം കഴിക്കാത്തതിന് ചോറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. ചോറ് മാറ്റി ചപ്പാത്തിയാക്കിയാൽ പ്രശ്നം തീർന്നോ? ഓട്സ് ആക്കിയിട്ട് അമിതവണ്ണം മാറിയോ? പ്രമേഹം മാറിയോ, ഹൃദ്രോഗം കുറഞ്ഞോ? അപ്പൊ ചോറിനാണോ കുറ്റം? നമ്മുക്കല്ലേ കുറ്റം? കഴിക്കുന്ന സമയവും, ചോറിന്റെ കൂടെ എന്ത് കഴിക്കാം എന്നതാണ് പഠിക്കേണ്ടത് .
എന്നാൽ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതി പ്രശ്നമാണെന്നാണ് പലരും പറയുന്നത്. പിന്നെ വിദേശത്തുള്ള ഡയറ്റ് പരീക്ഷിക്കലായി. പലതും നമുക്ക് പുന്തുടരാൻ സാധിക്കാത്തതാണ്. മാത്രമല്ല, പ്രായമായവരെ സംബന്ധിച്ചും മറ്റും നമ്മുടെ നാടൻ ഭക്ഷണരീതികളാണ് എപ്പോഴും നല്ലത്.
ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ഡയറ്റാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. അതിൽ പ്രധാനം 16 മണിക്കൂർ കഴിക്കാതിരിക്കുക, 8 മണിക്കൂർ കഴിക്കുക. എന്തും കഴിക്കാമെന്ന് പലരും പറയുന്നുണ്ടെങ്കിലും നല്ല ഭക്ഷണങ്ങൾ തന്നെ കഴിച്ചാലേ ഗുണം ലഭിക്കുകയുള്ളു.